എം.എസ്.ഐ ഹയർസെക്കൻഡറി സ്കൂൾ പാർലമെന്റ്: പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

M.S.I HIGHER SECONDARY SCHOOL,KUNDOOR
എം.എസ്.ഐ ഹയർസെക്കൻഡറി സ്കൂൾ പാർലമെന്റ്: പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു കുണ്ടൂർ: എം.എസ്.ഐ ഹയർസെക്കൻഡറി സ്കൂളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള ഹൈസ്കൂൾ പാർലമെന്റിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ചൊവ്വാഴ്ച (11-08-2026) സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിലായിരുന്നു പുതിയ ഭാരവാഹികൾ ചുമതലയേറ്റത് . എച്ച്.എസ്. വിഭാഗം Hod സീമ ടീച്ചറുടെ സ്വാഗതത്തോടെ ആരംഭിച്ച ചടങ്ങിന് സയൻസ് ഡിപ്പാർട്ട്മെന്റിലെ മണികണ്ഠൻ സാർ നേതൃത്വം നൽകി. സ്കൂൾ സെക്രട്ടറി ആലി ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് വിദ്യാർത്ഥികൾ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥമായി നിർവഹിക്കണമെന്നും മികച്ച നേതൃത്വത്തിലൂടെ സ്കൂളിന്റെ അഭിമാനം ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിറാജുദ്ദീൻ സാർ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്ന അദ്ദേഹം, നേതൃത്വപാടവം, ഉത്തരവാദിത്വബോധം, സഹകരണ മനോഭാവം എന്നിവ വളർത്തിയെടുക്കാൻ വിദ്യാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നിർദേശിച്ചു. വിജയഭേരി കൺവീനർ രതീഷ് സാറും കായിക വിഭാഗം മേധാവി ഷിനോയ് സാറും പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. തുടർന്ന് ഇലക്ഷൻ കമ്മീഷണർ രാഹുൽ സാർ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പാർലമെന്റിന്റെ പുതിയ ഭാരവാഹികളായി: - സ്കൂൾ ലീഡർ: അഫ്രാ നിദ (10 B) - സെക്ഷൻ ഹെഡ് ബോയ്: റയാൻ അലി (10 B) - ഹെഡ് ഗേൾ: (10 B) - ജനറൽ ക്യാപ്റ്റൻ: ഹംസ സഫ്‌വാൻ (10 A) - സ്റ്റുഡന്റ് എഡിറ്റർ: ഫിദ ഫരീദ് (9 M) - ഫൈൻ ആർട്സ് സെക്രട്ടറി: ഫാത്തിമ സന സി.പി. (10 B) എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. HS മലയാളം HOD ജെസ്സി ടീച്ചർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികളിൽ ജനാധിപത്യബോധവും നേതൃത്വശേഷിയും ഉത്തരവാദിത്വബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പുതിയ സ്കൂൾ പാർലമെന്റ്, അധ്യയന വർഷം മുഴുവൻ വൈവിധ്യമാർന്ന സാമൂഹിക, സാംസ്കാരിക, കായിക, കലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സ്കൂൾ സമൂഹത്തിന്റെ പുരോഗതിയിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പുതിയ പാർലമെന്റ് മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നേറുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർത്ഥികളും.